‘മലൈക്കോട്ടൈ വാലിബനിൽ’ കമൽഹാസനും? അതിഥി വേഷത്തിലെത്തുമെന്ന് സൂചന

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ തമിഴ് സൂപ്പർസ്റ്റാർ ചിത്രത്തിൽ എത്തുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 

2023 ൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ കമൽഹാസൻ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. കമൽ ഹാസൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. 2009ൽ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന ചിത്രത്തിൽ മോഹൻലാലും കമൽഹാസനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറിൽ ഷിബു ബേബി ജോണ്‍ ആകും ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗോകുൽ ദാസും വസ്ത്രാലങ്കാരം റോണക്സ് സേവ്യറുമാണ്. മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവയും നിർമ്മാണ പങ്കാളികളാണ്.