കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും; അണിചേരുക ഡൽഹിയിൽ
ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽ ഹാസൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന യാത്രയിൽ കമലും മക്കൾ നീതി മയ്യം പ്രവർത്തകരും പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽ ഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.
ജനാധിപത്യം സംരക്ഷിക്കാനാണ് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്ന് മക്കൾ നീതി മയ്യം (എംഎൻഎം) വൈസ് പ്രസിഡന്‍റ് എ ജി മൗര്യ പറഞ്ഞു.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യവുമായി കൈകോർക്കാനുള്ള നീക്കങ്ങൾ കമൽഹാസൻ നടത്തുന്നുണ്ട്.