സിപിഎമ്മിനെ കാനത്തിന് പേടി; സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നു. സി.പി.എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമാണെന്നാണ് പൊതുസംവാദത്തിലെ വിമർശനം. എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ല. പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ പാർട്ടി നിലപാട് പരസ്യമാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളത്. മുന്നണി ഭരണമാണെന്ന കാര്യം സി.പി.എം മറക്കുകയാണെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ആരോപണമുയർന്നു.

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ അപമാനിച്ചു. സി.പി.ഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ അവ തിരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയത് ശരിയല്ല. കൃഷിവകുപ്പ് കാര്യക്ഷമമല്ലെന്നും വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും പരാതി ഉയർന്നിരുന്നു. പാർട്ടിയിൽ ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ലജ്ജാകരമാണെന്നും വർദ്ധിച്ചുവരുന്ന വിഭാഗീയതയോട് കണ്ണടയ്ക്കുന്നതിൽ അർത്ഥമില്ലെന്നും വിമർശനമുയർന്നു. അതേസമയം എന്തിനും ഏതിനും സി.പി.എമ്മിനെ വിമർശിക്കേണ്ട കാര്യമില്ലെന്ന് ചർച്ചയിൽ സത്യൻ മൊകേരി മറുപടി നൽകി. കാനത്തിന്‍റെ നിലപാടിൽ മാറ്റമില്ലെന്നും സത്യൻ മൊകേരി പറഞ്ഞു.