ധനമന്ത്രിയെ നീക്കണമെന്ന ഗവർണറുടെ കത്തിൽ പ്രതികരണവുമായി കാനം

തിരുവനന്തപുരം: ഗവർണർക്ക് അധികാരമുണ്ടെങ്കിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ നിർദ്ദേശം നൽകിയിട്ടും എന്തുകൊണ്ടാണ് ആരും രാജിവയ്ക്കാത്തതെന്നും കാനം ചോദിച്ചു. ഒരു പക്ഷി പോലും പറന്നില്ല. ഗവർണർ പറഞ്ഞത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം അനുസരിച്ചേ ആരെയും മാറ്റാനാകൂ. നിയമം പറയുന്നത് എന്താണെന്ന് വായിച്ചാൽ മനസ്സിലാകും.

ഗവർണറുടെ പ്രസ്താവനകൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവര്‍ണറുടേത് ഭരണഘടനയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ്. തന്‍റെ പദവിയെക്കുറിച്ച് മനസിലാക്കാതെയാണ് ഗവർണർ പ്രസ്താവനകൾ നടത്തുന്നത്. അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ ഒരു മാറ്റവും കൊണ്ടുവരില്ല.

നിയമസഭ പാസാക്കിയ നിയമങ്ങളാണ് കേരളത്തിലെ സർവകലാശാല നിയമങ്ങൾ. നിയമസഭയിലെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിനോ നിയമസഭയ്ക്കോ ഭേദഗതി ചെയ്യാൻ അധികാരമുണ്ട്. നിയമപ്രകാരം മാത്രമേ വിസികളെ അവരുടെ തസ്തികകളിൽ നിന്ന് മാറ്റാൻ കഴിയൂ. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടാണ് ഗവർണറോടുള്ള അവരുടെ താൽപ്പര്യങ്ങൾ വ്യത്യസ്തമെന്ന് കാനം അഭിപ്രായപ്പെട്ടു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു കാനത്തിന്‍റെ മറുപടി.