മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ച് കാനം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം

വിജയവാഡ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യാത്ര നിയമവിധേയമാണ്. പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാർക്ക് വിദേശയാത്ര സാധ്യമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

“കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കേരളത്തിലെ ഒരു മന്ത്രിക്ക് വിദേശ യാത്ര നടത്താൻ കഴിയുമോ? സർക്കാർ എല്ലാ അനുമതികളും നൽകിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ പോകാൻ കഴിയില്ലല്ലോ?,” അദ്ദേഹം ചോദിച്ചു.

നോർവേ, ഇംഗ്ലണ്ട്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. യാത്രയുടെ ഉദ്ദേശ്യവും, ഉദ്യോഗസ്ഥർക്കൊപ്പം കുടുംബാംഗങ്ങളെ യാത്രയിൽ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വി.അബ്ദുറഹ്മാൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവരും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.