കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്ര വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്ര (36)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർതൃസഹോദരൻ സുദർശൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സതീഷിനെ ബംഗളൂരുവിലെ ആർആർ നഗറിലെ പട്ടനഗരെയിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആദ്യം കണ്ട അയൽവാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയ ശേഷമാണ് വീട് തുറന്നത്.

സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലു വർഷം മുമ്പാണ് വിവാഹിതനായത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് മരിച്ചു. ഇത് ആത്മഹത്യയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് ഭാര്യാവീട്ടുകാർ പറഞ്ഞതായി പൊലീസ് പറഞ്ഞു.

ഭാര്യയുടെ മരണശേഷം കുട്ടിയെ ഭാര്യയുടെ കുടുംബമാണ് സംരക്ഷിച്ചിരുന്നത്. കുട്ടിയെ കാണാൻ സതീഷ് പലപ്പോഴും ഭാര്യവീട്ടിൽ എത്താറുണ്ടായിരുന്നു. കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികളും സ്വീകരിച്ചു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.