ഓവർകോട്ട് ഒഴിവാക്കാം ; വാതിൽപ്പടി മാലിന്യശേഖരണം പകൽ 11 മുതൽ 3വരെ വേണ്ട

കണ്ണൂർ : ഹരിതകർമ സേനാംഗങ്ങളുടെ വാതിൽപ്പടി മാലിന്യശേഖരണം പകൽ 11വരെയും പകൽ മൂന്നിനു ശേഷവുമായി ക്രമീകരിക്കാൻ തദ്ദേശവകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിലാണ് തദ്ദേശഭരണ സെക്രട്ടറിമാർക്ക് ജാഗ്രതാനിർദേശം നൽകിയത്. വാതിൽപ്പടി ശേഖരണത്തിന് പോകുന്ന ഹരിതകർമ സേനാംഗങ്ങൾ അയഞ്ഞ പരുത്തി വസ്ത്രം, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ധരിക്കണം. യൂണിഫോമിന്റെ ഭാഗമായുള്ള ഓവർകോട്ട് താൽക്കാലികമായി ഒഴിവാക്കാം. കുടിവെള്ളം, ഒആർഎസ് പാക്കറ്റുകൾ,സൺസ്ക്രീം എന്നിവ കരുതണം.

സേനാംഗങ്ങൾക്ക് ആവശ്യമുള്ള കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും നൽകാനും ക്രമീകരണമുണ്ടാക്കണം. സൂര്യാതപമേറ്റാലുള്ള പ്രാഥമിക ശുശ്രൂഷയിൽ ബോധവൽക്കരണം, വിശ്രമസൗകര്യം എന്നിവ തദ്ദേശഭരണം ഉറപ്പാക്കണം.

എംസിഎഫ്, ആർആർഎഫുകളിൽ ഫാൻ, കൂളർ എന്നിവയും അവശ്യമരുന്നും വിശ്രമസൗകര്യ വുമൊരുക്കണം. സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പറയുന്നു.