ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. ഗവർണറുടെ നടപടി അതിരുകടന്നതും അപലപനീയവുമാണെന്ന് സിൻഡിക്കേറ്റ് പറഞ്ഞു. ഗവർണർ മര്യാദ ലംഘിച്ചുവെന്നും ഗവർണറുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയിൽ നിന്ന് വരാൻ പാടില്ലാത്തതാണെന്നും സിൻഡിക്കേറ്റ് പത്രക്കുറിപ്പിൽ വിമർശിച്ചു.

കണ്ണൂർ വി.സിയെ കുറ്റവാളിയെന്ന് വിളിച്ചാണ് ഗവർണർ സംസാരിച്ചത്. ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് അത്തരം പദപ്രയോഗങ്ങൾ അനുയോജ്യമല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ട്. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്.

സർവകലാശാലയിലെ പല ചട്ടങ്ങളും മനസിലാക്കാതെയാണ് ഗവർണറുടെ നടപടികൾ. ചട്ടങ്ങൾ മനസിലാക്കാതെയാണ് പ്രിയ വർഗീസിന്‍റെ നിയമനത്തിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് ലിസ്റ്റ് ഗവർണർ മരവിപ്പിച്ചത്. ചട്ടങ്ങൾ മനസിലാക്കാതെയാണ്, അടുത്തിടെ നടന്ന നിയമനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവർണർ പറഞ്ഞതെന്നും സിൻഡിക്കേറ്റ് വിമർശിച്ചു.