Latestവിനോദം

പുതിയ നേട്ടവുമായി കാന്താര 2; ഇം​​ഗ്ലീഷിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം, ഈ മാസം 31 ന് തിയേറ്ററുകളിലേക്ക്

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അഭിനയിക്കുന്ന ‘കാന്താര ചാപ്റ്റർ 1’ ആഗോളതലത്തിൽ ഇംഗ്ലീഷിൽ റിലീസിന് ഒരുങ്ങുന്നു. നിർമാതാക്കളായ ഹോംബാലെ ഫിലിംസ്, ചിത്രത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പ് ഒക്ടോബർ 31-ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ എത്തുമെന്ന് എക്‌സിലൂടെ അറിയിച്ചു. ഇന്ത്യൻ ഭാഷകളിൽ ചിത്രം നേടിയ വമ്പിച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്നാണ് ഈ നീക്കം. ഇംഗ്ലീഷ് ഇഷ്ടപ്പെടുന്ന കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് നിർമാതാക്കൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനൊരുങ്ങുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ആദ്യം പുറത്തിറങ്ങിയ ചിത്രം, വെറും 20 ദിവസംകൊണ്ട് ലോകമെമ്പാടും 850 കോടി രൂപയിലധികം കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് മാത്രം എല്ലാ ഭാഷകളിലുമായി 550 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇന്ത്യൻ, അന്തർദേശീയ പ്രേക്ഷകർക്കിടയിൽ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇംഗ്ലീഷ് പതിപ്പ് ചിത്രത്തിന്റെ പ്രചാരം കൂടുതൽ വർദ്ധിപ്പിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.

തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന പതിപ്പിന് 2 മണിക്കൂറും 49 മിനിറ്റും ദൈർഘ്യമുണ്ടായിരുന്നെങ്കിൽ, ഇംഗ്ലീഷ് പതിപ്പിന് 2 മണിക്കൂറും 14 മിനിറ്റും മാത്രമായിരിക്കും ദൈർഘ്യം. “അതിരുകൾക്കും ഭാഷകൾക്കും അതീതമായി പ്രതിധ്വനിക്കുന്ന ഒരു ദൈവിക ഗാഥ! കാന്താര ചാപ്റ്റർ 1 ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ റിലീസ് ചെയ്യുന്നു. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭക്തിയുടെയും ഇതിഹാസ യാത്ര അതിന്റെ എല്ലാ മഹത്വത്തിലും അനുഭവിക്കൂ.” പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ഇങ്ങനെ കുറിച്ചു,

2022-ൽ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വൽ ആണ് ‘കാന്താര ചാപ്റ്റർ 1’. ചിത്രത്തിൽ ഋഷഭ് ഷെട്ടിക്കൊപ്പം രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അജനീഷ് ലോക്നാഥ് സംഗീത സംവിധാനവും അരവിന്ദ് കശ്യപ് ഛായാഗ്രഹണവും നിർവഹിച്ചു.