ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ

കോഴിക്കോട്: ഡി.ലിറ്റിനെ അംഗീകരിക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.ഇത് സംബന്ധിച്ച് കാന്തപുരം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി. തന്‍റെ അറിവോടെയല്ല ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർക്ക് ഡി.ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്‍റെ പ്രതികരണം.

വി.സി.യുടെ സാന്നിധ്യത്തിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇരുവർക്കും ഡി.ലിറ്റ് നൽകണമെന്ന പ്രമേയം ഇടത് അംഗം ഇ.അബ്ദുറഹിമാൻ അവതരിപ്പിച്ചു.വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡി ലിറ്റ് നൽകണമെന്നാണു പ്രമേയത്തിലുള്ളത്. എന്നിരുന്നാലും, രണ്ട് സമുദായ നേതാക്കൾക്ക് ഡി-ലിറ്റ് നൽകിയതിലെ അപാകത ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഡി ലിറ്റിനെ അംഗീകരിക്കില്ലെന്ന് കാന്തപുരം പ്രഖ്യാപിച്ചത്.