200 കോടി ക്ലബ്ബില്‍ ഇടംനേടി ‘കാന്താര’

കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ ആഗോളതലത്തിൽ 200 കോടി പിന്നിട്ടു. തുടക്കത്തിൽ കന്നഡയിൽ മാത്രം റിലീസ് ചെയ്ത ചിത്രം കർണാടകയിൽ കെജിഎഫിന് മുകളിലാണ് ഗ്രോസ് കളക്ഷന്‍ നേടിയതെന്ന് രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കളായ ഹോംബാലെ പ്രൊഡക്ഷൻസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മലയാളം പതിപ്പിനും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മലയാളം കന്നഡ പതിപ്പുകളിൽ നിന്നായി നാല് കോടിയോളം രൂപയാണ് ചിത്രം ഇതിനകം കേരളത്തിൽ നിന്ന് നേടിയത്. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് മലയാളത്തിൽ എത്തിച്ചത്.

‘കെജിഎഫ്’ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച് സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുകയും ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള സംവിധായകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ നേടുകയും ചെയ്തു. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഐതിഹ്യവും ആക്ഷനും സംയോജിപ്പിക്കുന്ന ചിത്രമാണ് കാന്താര.