‘കാന്താര’ ഹിന്ദി റിലീസ് പ്രഖ്യാപിച്ചു; ;ചിത്രം മലയാളത്തിലുമെത്തും

കന്നഡ സിനിമാ വ്യവസായം ‘കെജിഎഫ്’ വഴി രാജ്യത്തുടനീളം അതിന്‍റെ പേര് പ്രസിദ്ധമാക്കി. ഇപ്പോൾ ‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം കന്നഡയിൽ നിന്നും ശ്രദ്ധ നേടുകയാണ് ‘കാന്താര’ എന്ന ചിത്രം. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കാന്താര’ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുകയാണ്. ഹിന്ദിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ സെൻസർ പൂർത്തിയായി.

‘കാന്താര’ ഹിന്ദി പതിപ്പിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബർ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹിന്ദി പതിപ്പിന് രണ്ട് മണിക്കൂർ 29 മിനിറ്റ് 58 സെക്കൻഡ് ദൈർഘ്യമുണ്ട്. മലയാളത്തിലും കാന്താര റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ‘കാന്താര’ മലയാളത്തിലേക്ക് എത്തിക്കുന്നത്.

പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. കന്നഡ പതിപ്പ് കണ്ടതിന് ശേഷം സിനിമ കേരളത്തിലേക്ക് കൊണ്ടുവരണമെന്നാണ് തനിക്ക് തോന്നിയതെന്നും ഇവിടെ എത്തുമ്പോൾ ചിത്രം കാണാതെ പോകരുതെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘കാന്താര’ ഒരു വലിയ സിനിമാറ്റിക് നേട്ടമാണ്. റിഷഭ് ഷെട്ടി ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ കഴിവുള്ളയാളാണ്. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. എന്തായാലും കാന്താരയുടെ മലയാളത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.