‘ചെയ്ത കുറ്റം എന്തെന്നറിയാതെ ഇനിയും കാപ്പന്മാര്‍ ജയിലറകളിലുണ്ട്’

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍. വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

“യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങള്‍ നല്‍കി സുപ്രീം കോടതിയെയും യു പി സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന് വഴിങ്ങിയില്ല! സിദ്ദീഖ് കാപ്പനായി സാധ്യമായത് എല്ലാം ചെയ്തിരുന്നു, പാര്‍ലമെന്റില്‍ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു. ഇനിയും ഒരുപാട് സിദ്ദിഖ് കാപ്പന്മാര്‍ തങ്ങള്‍ ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട്, അവര്‍ക്കായും ഇനിയുമുറക്കെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്” ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.