ബാലൺ ഡി ഓർ പുരസ്കാരം ടീമംഗങ്ങൾക്ക് സമർപ്പിച്ച് കരീം ബെൻസേമ 

റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ ഈ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം തന്‍റെ ടീമംഗങ്ങൾക്ക് സമർപ്പിച്ചു. “‘ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല” ബെൻസേമ പറഞ്ഞു.  ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ.

“ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല. ചിലപ്പോൾ ഗോൾ ലഭിച്ചെന്നിരിക്കും, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഫുട്‌ബോൾ ഒരു കൂട്ടായ കായിക ഇനമാണ് അതുകൊണ്ട് ഞാൻ എപ്പോഴും ഒരു ടീം പ്ലേയറായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയലിൽ ചേരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും ഞാൻ ശ്രദ്ധയോടെ മുന്നേറി. എന്റെ മനശക്തി കാത്തുസൂക്ഷിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു, ധൈര്യവും നിശ്ചയദാർഢ്യവും എനിക്കൊപ്പമുണ്ട് “. താരം പറഞ്ഞു. 

സിനദിൻ സിദാനിൽ നിന്നാണ് ബെൻസേമ പുരസ്കാരം ഏറ്റുവാങ്ങിയത്. ബെൻസേമയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ഫ്രഞ്ച് താരം സിദാനാണ്. “സിസോ എന്റെ ബിഗ് ബ്രദറാണ്. അദ്ദേഹം എന്റെ പരിശീലകനായിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രഞ്ച് കളിക്കാരൻ അദ്ദേഹമാണ്”. ബെൻസേമ പറഞ്ഞു.