കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹർജികളിൽ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചിരിക്കുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാരിൻ്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചതിന് എതിരെയുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിൻറെ ഭാഗമായി കണ്ടുകൂടെ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും സിബൽ പറഞ്ഞു.