കര്‍ണാടകമന്ത്രി ഉമേഷി കട്ടി നിര്യാതനായി
ബെംഗളൂരു: കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളർ കോളനിയിലെ വസതിയിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഉമേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പ്രാഥമിക വിവരം.
ഉമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പള്‍സ് ഉണ്ടായിരുന്നില്ലെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. ഉമേഷിന്‍റെ മരണം ബി.ജെ.പിക്കും ബെലഗാവി ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമേഷ് കട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അടക്കമുള്ളവർ അനുശോചിച്ചു.
ഹുക്കേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് എട്ട് തവണ എംഎൽഎയായ വ്യക്തിയാണ് ഉമേഷ്. 1985-ൽ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2008ലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. അതിനുമുമ്പ് ജനതാപാർട്ടി, ജനതാദൾ (യു), ജെ.ഡി.എസ് എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.