കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്പസില്‍ ദുര്‍മന്ത്രവാദം നടത്തിയതായി ആരോപണം

മൈസൂരു: അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിലുള്ള കർണാടകയിൽ സർവകലാശാലാ അധ്യാപകന് നേരെ അജ്ഞാത സംഘം മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപ്പണ് യൂണിവേഴ്സിറ്റി കാമ്പസിൽ ജേണലിസം വിഭാഗം മേധാവിയായിരുന്ന അസോസിയേറ്റ് പ്രൊഫസറായ തേജസ്വി നവിലൂരിനെതിരെ മന്ത്രവാദം നടത്തിയെന്നാണ് ആരോപണം.

കുങ്കുമം പൂശിയ ഇറച്ചി, മുടി, മഞ്ഞൾപ്പൊടി, വള കഷണങ്ങൾ, പാതി കീറിയ അധ്യാപകന്‍റെ ഫോട്ടോ എന്നിവ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തി. അധ്യാപകനെ സർവകലാശാലയിൽ നിന്ന് പുറത്താക്കാൻ മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ ജേണലിസം വിഭാഗം മേധാവി രജിസ്ട്രാർക്ക് പരാതി നൽകിയതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ വിദ്യാശങ്കർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവീകരണം നടക്കുന്ന പഴയ കെട്ടിടത്തിലെ ഒരു മുറിയിലാണ് മന്ത്രവാദം നടന്നത്. ഈ മുറിയിൽ സിസിടിവി ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ആരാണ് സംഭവത്തിന് പിന്നിലെന്ന് അറിയില്ലെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.