മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് തടയിടാന്‍ കർണാടക

ബാംഗ്ലൂർ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ഡ്യൂട്ടിയിലിരിക്കെ സ്വകാര്യ പ്രാക്ടീസിൽ ഏർപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സുധാകർ, ഇത് തടയാൻ സംസ്ഥാനം ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു.

ബയോമെട്രിക് സംവിധാനം നിലവിലുണ്ടെങ്കിലും ജിപിഎസ് സേവനങ്ങൾ ഉപയോഗിച്ച് ഡോക്ടർമാരെ നിരീക്ഷിക്കാൻ പദ്ധതിയുണ്ടെന്നും സുധാകർ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മൈസൂരു ഡിവിഷണൽ തല അവലോകന യോഗത്തിന് ശേഷം മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകർ.

2009 ഒക്ടോബർ ഒന്നിനാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരുടെയും സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് കേരള സർക്കാർ ഉത്തരവിറക്കിയത്. എന്നിരുന്നാലും, പല ഡോക്ടർമാരും ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ല.