കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ സർദാർ ഒക്ടോബർ 21 ന് റിലീസ് ചെയ്യും. പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിൽ എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം 55 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്. കാർത്തി ചിത്രത്തിൽ ഒരു ചാരനായാണ് വേഷമിടുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ത ഗെറ്റപ്പുകളിൽ കാർത്തിയുടെ പ്രകടനം പ്രേക്ഷകർക്ക് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് നായികമാർ.

ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ജോർജ് സി വില്യംസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രം എത്തിക്കുന്നത്. ഷോബി പോൾ രാജാണ് കൊറിയോഗ്രാഫർ. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർദാർ’ കാർത്തിയുടെ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.