കേരളത്തിലും വിജയപ്രതീക്ഷയില്‍ ‘കാര്‍ത്തികേയ 2’

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ചന്തു മൊണ്ടെട്ടി സംവിധാനം ചെയ്ത ചിത്രം ഇതിനകം 120 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് നേടി ചെയ്തു കഴിഞ്ഞു. സമീപകാലത്ത് നിരവധി തെലുങ്ക് ചിത്രങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന്റെ തുടർച്ച പോലെ ഹിന്ദി പതിപ്പിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയിലധികം രൂപ നേടി. കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന്‍റെ വൻ വിജയം സിനിമാ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒടുവിൽ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും റിലീസ് ചെയ്യുകയാണ്. ചിത്രം സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. ഇ 4 എന്‍റർടെയ്ൻമെന്‍റ്സാണ് കേരളത്തിലെ വിതരണക്കാർ.

മറ്റ് ഭാഷകളിലേതിന് സമാനമായ സ്വീകാര്യത കേരളത്തിലും സിനിമയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മലയാള നടി അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും  2019ല്‍ താൻ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരന്‍ വ്യക്തമാക്കി. മുഗ്‍ധ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. “ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്കു വരെ ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് കാര്‍ത്തികേയ 2 ന്റെ പ്രത്യേകത” നിഖിൽ സിദ്ധാർഥ പറഞ്ഞു.