കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം നല്‍കിത്തുടങ്ങി

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് ആശ്വാസം. നിക്ഷേപകർക്ക് പണം തിരികെ നൽകി തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്‍റെ 10 % ആണ് തിരികെ ലഭിക്കുക. എന്നാൽ പണം ലഭിക്കാൻ ധാരാളം തടസ്സങ്ങളുണ്ടെന്ന് നിക്ഷേപകർ പറയുന്നു.

നിക്ഷേപത്തിന്‍റെ പത്ത് ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നിക്ഷേപകർക്ക് തിരികെ നൽകുക. പണം ലഭിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് നല്‍കണം. മെയിൻ ബ്രാഞ്ചിൽ നിന്ന് പണം ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. നാമമാത്രമായ തുക ഉപയോഗിച്ച് കാര്യങ്ങൾ എങ്ങനെ നടത്തുമെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.

നിക്ഷേപകരെ സഹായിക്കാനല്ല, ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ കണ്ണുകെട്ടാനാണ് ഈ നീക്കമെന്നാണ് ഒരു ആരോപണം. ബാങ്കിന്‍റെ പ്രതിസന്ധി മറികടക്കാൻ സ്വര്‍ണപ്പണയ വായ്പ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കരുവന്നൂരിൽ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് 300 കോടിയിലധികം രൂപയാണ് തട്ടിപ്പ് നടത്തിയത്.