കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും
കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഒക്ടോബർ 15 മുതൽ സർക്കാർ പണം തിരികെ നൽകും. ഹൈക്കോടതിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്നാണ് വിലയിരുത്തലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം തിരികെ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും മുഴുവൻ നിക്ഷേപ തുകയും തിരികെ നൽകാനും യോഗം തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം ആവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ചോദിക്കാനും ആവശ്യമുള്ളവർക്ക് നൽകിയ പേയ്മെന്‍റുകളുടെ രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
2021 ജൂലൈ 14നാണ് കരുവന്നൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ദീർഘകാലത്തെ പ്രവാസജീവിതത്തിൽ നിന്ന് സമ്പാദിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടത് ഭരണസമിതിയിലെ ചില അംഗങ്ങളും ചേർന്നാണ് പണം തട്ടിയെടുത്തതെന്നാണ് ആരോപണം. ഉന്നതതല സമിതി നടത്തിയ പരിശോധനയിലാണ് ബാങ്കിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണം, പ്രതിമാസ നിക്ഷേപ പദ്ധതി, ട്രേഡിംഗ് പ്രവർത്തനം എന്നിവയിലാണ് തട്ടിപ്പ് നടന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.