കശ്മീരി മാധ്യമപ്രവർത്തകയെ തടഞ്ഞ സംഭവം: പ്രതികരണവുമായി യുഎസ്

വാഷിങ്ടൻ: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലിറ്റ്സർ ജേതാവായ കശ്മീരി മാധ്യമപ്രവർത്തകയെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. പുലിറ്റ്സർ പുരസ്കാരം സ്വീകരിക്കാൻ യുഎസിലേക്ക് പോകാനൊരുങ്ങിയ സന്ന ഇർഷാദ് മാട്ടൂവിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.

യുഎസ് എല്ലായ്പ്പോഴും മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമെന്നും അത് ഉൾക്കൊള്ളുന്ന ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്‍റെ കാതലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കോവിഡ് -19 മഹാമാരിയുടെ ചിത്രങ്ങൾ പകർത്തിയ റോയിട്ടേഴ്സ് ടീമിന്‍റെ ഭാഗമായ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റാണ് മാട്ടൂ. ഏപ്രിൽ 9നാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ സന്ന ഉൾപ്പെട്ട ടീം പുരസ്കാരം നേടിയത്. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി, അദ്നൻ അബിദി, അമിത് ദാവെ എന്നിവർക്കൊപ്പമാണ് സന്നയും പുരസ്കാരത്തിന് അർഹയായത്.