കശ്മീരി വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ അന്തരിച്ചു

ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദി നേതാവ് അൽത്താഫ് അഹമ്മദ് ഷാ അർബുദം ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹുറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനാണ് അൽത്താഫ് അഹമ്മദ് ഷാ. ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരം തിഹാർ ജയിലിൽ നിന്ന് എയിംസിലേക്ക് മാറ്റി ദിവസങ്ങൾക്ക് ശേഷമാണ് അൽത്താഫ് അഹമ്മദ് ഷായുടെ മരണം. അറുപത്തിയാറ് വയസ്സായിരുന്നു.

അൽത്താഫ് അഹമ്മദ് ഷാ മരിച്ചതായി വിവരം ലഭിച്ചതായി അദ്ദേഹത്തിന്‍റെ മകൾ റുവാ ഷാ പറഞ്ഞു. അൽത്താഫ് അഹമ്മദ് ഷാ ഒരു തടവുകാരനായാണ് മരിച്ചതെന്നും മകൾ ട്വീറ്റ് ചെയ്തു. ശ്രീനഗറിലെ സൗര സ്വദേശിയാണ് അൽത്താഫ് അഹമ്മദ് ഷാ. 2017 ജൂലൈ 25 നാണ് എൻഐഎ അന്വേഷിക്കുന്ന തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഷായെ അറസ്റ്റ് ചെയ്തത്. അർബുദ ബാധ കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ രണ്ടിന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഗുരുതര രോഗത്തിന് ചികിത്സയിലാണെന്നും,എന്നാൽ തനിക്ക് വൃക്ക അർബുദം ബാധിച്ചതായി അടുത്തിടെയാണ് കണ്ടെത്തിയതെന്നും ഷാ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആർഎംഎൽ ആശുപത്രിയിൽ വൃക്ക ചികിത്സയ്ക്ക് മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാൽ തന്നെ എയിംസിലേക്ക് മാറ്റണമെന്ന് ഷാ അഭ്യർത്ഥിച്ചിരുന്നു. ഷായ്ക്ക് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്.