ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതൽ തിരഞ്ഞ ആദ്യ പത്ത് ഏഷ്യക്കാരില്‍ കത്രീന,ആലിയ,പ്രിയങ്ക എന്നിവർ

ദില്ലി: ഗൂഗിളിൻ്റെ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10 പേരിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാർ ആദ്യ പത്തിൽ ഇടം നേടി. 2022 ൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടിക ഗൂഗിൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. സാറാ അലി ഖാൻ, ദിഷാ പടാനി, ജാൻവി കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും പട്ടികയിലുണ്ട്.

ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി ആണ്. ഈ ബാൻഡ് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചവരാണ്. രണ്ടാം സ്ഥാനം ഈ ബാന്‍റിലെ തന്നെ ജങ്കൂക്കിനാണ്. മൂന്നാം സ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി റാപ്പറും ഗായകനുമായ സിദ്ധു മൂസ് വാലയാണ്.

നാലാം സ്ഥാനത്ത് ജിമിനും ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അഞ്ചാം സ്ഥാനത്തും എത്തി. തായ് ഗായിക ലിസ ആറാം സ്ഥാനത്താണ്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരാണ് യഥാക്രമം 7, 8, 9 സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.