കൂടുതൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് കത്രീന കൈഫ്

നടി കത്രീന കൈഫ് തന്‍റെ വരാനിരിക്കുന്ന ചിത്രമായ ‘ഫോൺ ഭൂതി’ന്‍റെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപെട്ട് നൽകിയ അഭിമുഖത്തിൽ കൂടുതൽ ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്യാനുള്ള ആഗ്രഹം നടി വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് ഇക്കാര്യം പറഞ്ഞത്.

നല്ല തിരക്കഥയും ശക്തമായ കഥാപാത്രവും ഉണ്ടെങ്കിൽ ഭാഷ തനിക്ക് ഒരു തടസ്സമല്ലെന്ന് കത്രീന പറഞ്ഞു. ദക്ഷിണേന്ത്യയിൽ പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകരുണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് ഉദാഹരണമായി കത്രീന എടുത്തുപറഞ്ഞത്.

‘മണിരത്നം സാർ ചെയ്ത പൊന്നിയിൻ സെൽവനെ നോക്കൂ. എന്തൊരു മനോഹരമായ ചിത്രമാണിത്. മനോഹരമായ ഫ്രെയിമുകളും പാട്ടുകളും. ഈ പ്രായത്തിൽ ഇത്രയും വലിയ സിനിമ ചെയ്യുന്നത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഉത്സാഹം എത്രത്തോളമാണെന്ന് തെളിയിക്കുന്നു’ കത്രീന പറഞ്ഞു.