കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോഴ്സ് സർട്ടിഫിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുന്നിൽ വച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പിതാവിനെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച മകളും ആക്രമിക്കപ്പെട്ടു.
കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് പൊലീസ് പ്രതികൾക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യമില്ലാ വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനമേറ്റ പ്രേമനൻ ഇപ്പോൾ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.