കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ സംഘമാണ് സുരേഷ് കുമാറിനെ തിരുമല ചാടിയറയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കെഎസ്ആർടിസി ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സെക്യൂരിറ്റി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്‍റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അച്ഛനെ ബന്ദിയാക്കി മകളുടെ മുന്നിൽ വച്ച് മർദ്ദിച്ച പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 

തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാൻ കസ്റ്റഡിയിൽ വാങ്ങേണ്ടത് ആവശ്യമാണെന്ന പ്രോസിക്യൂഷന്‍റെ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനകളെ തുടർന്ന് വൻ പോലീസ് സന്നാഹം കോടതി വളപ്പിലെത്തിയിരുന്നു.

മുൻകൂർ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ തിരച്ചിൽ ഊർജിതമാക്കാൻ കാട്ടാക്കട പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കീഴടങ്ങണമെന്ന സംഘടനാ നിർദേശം നേരത്തെ അവഗണിച്ച പ്രതികൾ ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ നേതൃത്വത്തിന്‍റെ സഹായം തേടിയതായാണ് സൂചന.