ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പോലീസ് പിടിയിൽ

ഡൽഹി: സമ്പന്നരുടെ വീടുകൾ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ‘നല്ല കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. അങ്ങനെയൊരാൾ ഡൽഹിയിലും പിടിയിലായിരിക്കുകയാണ്. 27കാരനായ വസീം അക്രം അഥവാ ലാമ്പു. 160ലധികം കുറ്റകൃത്യങ്ങൾ ചെയ്ത ഇയാളെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

25 മോഷ്ടാക്കളുടെ സംഘത്തിലെ നേതാവാണ് വസീം അക്രം. ഡൽഹിയിലെ വലിയ വീടുകൾ കൊള്ളയടിച്ചിരുന്ന സംഘം കൊള്ളയുടെ ഒരു ഭാഗം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാറുണ്ടായിരുന്നു. അതുകൊണ്ടാണ് വസീമിന് ഒരുപാട് ആരാധകരുണ്ടായിരുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി തവണ ഇയാൾ പൊലീസിനെ വെട്ടിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയും റോബിൻ ഹുഡും കവർച്ച മാത്രമാണ് നടത്തിയതെങ്കിൽ വസീം വധശ്രമം നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 4 മാസമായി ഡൽഹി പോലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും മൂന്ന് സെറ്റ് തിരകളും പിടിച്ചെടുത്തു.