കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉദ്ഘാടന തീയതി ലഭ്യമല്ലാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഹൈവേ തുറന്നുകൊടുത്തു. ദേശീയപാത തുറക്കുന്നതിൽ കാലതാമസമില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാൻ സമയമെടുത്തെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കുമെന്ന് പ്രോജക്ട് എൻജിനീയർ അറിയിച്ചു.

നവംബർ 15ന് റോഡ് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അന്ന് തുറന്നിരുന്നില്ല. നവംബർ 29ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് പിന്നീട് പ്രഖ്യാപിച്ചു. 2018 ഡിസംബറിലാണ് ലൈനിന്‍റെ നിർമ്മാണം ആരംഭിച്ചത്. 200 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ടെക്നോപാർക്ക് മൂന്നാം ഘട്ടം മുതൽ സിഎസ്ഐ മിഷൻ ആശുപത്രിയുടെ മുൻവശം വരെ 2.71 കിലോമീറ്ററാണ് ദൈർഘ്യം. ഇരുവശത്തുമായി 7.5 മീറ്റർ സർവീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.