ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നടപടി ജനാധിപത്യത്തിന്‍റെ എല്ലാ പരിധികളുടെയും ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. അതിനെ എതിർക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ലംഘിച്ച് രാജ്യത്തുടനീളമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെടാനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരള ഗവർണറുടെ ഭാഗത്തുനിന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി നടത്തുന്ന എല്ലാ സർവകലാശാല നിയമനങ്ങളെയും എതിർക്കുകയും തിരുത്തുകയും വേണം. ഇത് നിലനിൽക്കെത്തന്നെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചതെന്നതിൽ സംശയമില്ല. എന്നാൽ നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനും എന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ എടുക്കുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.