അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
ദില്ലി: ഇഡിക്ക് തിരിച്ചടിയായി വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിനെക്കുറിച്ച് കെജ്രിവാൾ സംസാരിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
ദില്ലി ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിക്ക് വലിയ നേട്ടമായിരിക്കുകയാണ്. കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി.