പ്രചാരണ രീതികളിൽ വ്യത്യസ്തനായി കെനിയൻ പ്രസിഡന്റ് സ്ഥാനാർഥി ജോർജ് വജാക്കോയ

കെനിയ: കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതും ഹൈന വൃഷണങ്ങള്‍ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന് കെനിയയിലെ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ ഒരാളായ ജോർജ് വജാക്കോയ. കെനിയയിലെ നാല് മുൻനിര പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ ഒരാളാണ് അദ്ദേഹം. ജയിച്ചാൽ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ കെനിയൻ പ്രസിഡന്‍റാകും ജോർജ് വജാക്കോയ.

ചൊവ്വാഴ്ച നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി പ്രസിഡന്‍റ് വിൽ ആൻഡ് റൂട്ടോയും മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നത്. മറ്റ് രണ്ട് സ്ഥാനാർത്ഥികളായ ഡേവിഡ് മ്വാരെ, ജോർജ് വജാക്കോയ എന്നിവരെ കുറിച്ച് വലിയ ചർച്ചകളൊന്നുമില്ല.

എന്നാൽ നിയമാധ്യാപകനും പോലീസ് ഉദ്യോഗസ്ഥനുമൊക്കെയായിരുന്ന 62 കാരനായ വജാക്കോയ കെനിയയിലെ രാഷ്ട്രീയ പ്രചാരണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് വ്യത്യസ്തകള്‍ കൊണ്ടാണ്. പ്രതിപക്ഷ സ്ഥാനാർത്ഥികളെ അവഹേളിക്കാൻ പ്രചാരണം നടത്തുന്നതിനുപകരം, തന്‍റേതായ വ്യത്യസ്തമായ പ്രചാരണ രീതികളിലൂടെ അദ്ദേഹം എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. കെനിയയുടെ പാരമ്പര്യേതര പ്രചാരണ രീതികളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ നീക്കമാണ് അദ്ദേഹം നടത്തുന്നത്. 10 വർഷത്തിനുള്ളിലെ കെനിയയുടെ കടം 16.8 ബില്യൺ ഡോളറാണ്. കെനിയയെ കടക്കെണിയിൽ നിന്ന് കരകയറ്റാൻ പുതിയ പ്രസിഡന്‍റിന് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.