85 റൺസിന് ജാര്‍ഖണ്ഡിനെ തകര്‍ത്ത് കേരളം; അഞ്ച് വിക്കറ്റുമായി വൈശാഖ് ചന്ദ്രന്‍

റാഞ്ചി: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം. മത്സരത്തിൽ 85 റൺസിനായിരുന്നു കേരളത്തിന്‍റെ വിജയം. കേരളം ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജാർഖണ്ഡ് 237 റൺസിന് ഔട്ടായി.

അരങ്ങേറ്റക്കാരൻ വൈശാഖ് ചന്ദ്രനും ജലജ് സക്സേനയുമാണ് ജാർഖണ്ഡിനെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റുകൾ ഉൾപ്പെടെ ഒമ്പത് വിക്കറ്റുകൾ നേടിയ ജലജ് മാൻ ഓഫ് ദി മാച്ചായി. വൈശാഖ് രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റുകളും നേടി.

ഒരു ഘട്ടത്തില്‍ 112 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ജാര്‍ഖണ്ഡിനെ 200 കടത്തിയത് വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയുടെ ഇന്നിങ്‌സാണ്. 116 പന്തുകള്‍ നേരിട്ട താരം 92 റണ്‍സെടുത്തു.