ഫിഫ വിലക്കിൽ തിരിച്ചടി ബ്ലാസ്റ്റേഴ്സിനും; ആറാം വിദേശതാരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ല

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) ഫിഫ വിലക്കിയത് ഐ.എസ്.എൽ, ഐ-ലീഗ് ക്ലബ്ബുകൾക്ക് തിരിച്ചടിയായി. രണ്ട് ലീഗുകളും നടത്തുന്നതിന് തടസ്സമില്ലെങ്കിലും പുതിയ വിദേശ കളിക്കാരെ ടീമിൽ കൊണ്ടുവരാൻ ഇനി സാധ്യമല്ല. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെ കൂടി കൊണ്ടുവരേണ്ടി വരും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആകട്ടെ, ഒരു വിദേശ കളിക്കാരനെയും ഇതുവരെ സൈൻ ചെയ്തിട്ടില്ല. അതിനാൽ നോർത്ത് ഈസ്റ്റ് ഇന്ത്യൻ താരങ്ങളെ കളത്തിലിറക്കേണ്ടി വരും.

ഫിഫ ഐഎസ്എല്ലിന് നൽകുന്ന ധനസഹായം ഇനി ലഭിക്കില്ല. ഇത് എഐഎഫ്എഫിന്‍റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. ഐഎസ്എൽ ടീമുകൾക്ക് എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എഎഫ്സി കപ്പ് യോഗ്യതയും ലഭിക്കില്ല. എഎഫ്സി കപ്പിന് യോഗ്യത നേടിയ എടികെ മോഹൻ ബഗാൻ ടൂർണമെന്‍റിൽ നിന്ന് പുറത്താകും. കളിക്കാരുമായി കരാർ ഒപ്പിടാമെങ്കിലും രജിസ്ട്രേഷൻ നടക്കില്ല. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കളിക്കാർക്ക് കളിക്കാൻ കഴിയൂ. ഓഗസ്റ്റ് 31 വരെയാണ് ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുക. അതിനാൽ, വിലക്ക് നീക്കി കളിക്കാരെ രജിസ്റ്റർ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, പ്ലേയർ ട്രാൻസ്ഫർ വിൻഡോ അടച്ചാലും ക്ലബുകൾക്ക് ഫ്രീ-ഏജന്‍റ് കളിക്കാരെ ടീമിലേക്ക് കൊണ്ടുവരാൻ കഴിയും.

ഗോകുലം കേരളയ്ക്കും തിരിച്ചടി നേരിട്ടു. ഗോകുലത്തിന്‍റെ വനിതാ ടീമിന് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ടീം ഇന്നലെ ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. എന്നാൽ ചാമ്പ്യൻഷിപ്പ് കളിക്കാതെ ടീമിന് മടങ്ങേണ്ടിവരും.