കേരളത്തിന് നോർവേ മാതൃക അനുകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഫിഷറീസ്‌ മേഖലയിലെ പ്രധാന ശക്തികളിലൊന്നായ നോർവേയുമായി നടത്തിയ ചർച്ചകൾ സംസ്ഥാനത്തെ മത്സ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപീകരിക്കാനും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കാനും നോർവേയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നോർവീജിയൻ ഫിഷറീസ് മന്ത്രി ജോർനർ സെൽനസ് സ്കർജൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1953-ൽ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യമേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 1961-ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് ഒരു ഐസ് പ്ലാന്‍റും മത്സ്യബന്ധന യാനങ്ങൾക്ക് സ്ലിപ്പ് വേയുള്ള വർക്ക്ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പിലായതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യോത്പാദനം വർദ്ധിക്കുകയും ചെയ്തു. നോർവേയുമായുള്ള സഹകരണത്തിലൂടെ പുതിയ സാങ്കേതിക വിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ ഈ നേട്ടം കൂടുതൽ വിപുലീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

നോർവേയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവിടെയുള്ള വയോജന പരിചരണവും സഹായവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തിൽ നിന്നും നേരിട്ട് എടുത്ത് കുടിക്കാവുന്നത്ര ശുദ്ധമാണ് ജലം. ശുദ്ധജലത്താൽ സമ്പന്നമാണ് നമ്മുടെ കേരളം. നമുക്കും നോർവേ മാതൃക അനുകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.