സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ 100 ശതമാനമെന്ന് പറയാനാകില്ല:സുപ്രീം കോടതി

ന്യൂഡല്‍ഹി: 100 ശതമാനം സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസരംഗത്ത് ആ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപക നിയമനത്തിനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷ (സെറ്റ്) പാസാകാൻ ജനറൽ വിഭാഗത്തിനും സംവരണ വിഭാഗക്കാർക്കും വ്യത്യസ്ത മാർക്ക് തിരഞ്ഞെടുക്കുന്നതിനെതിരെ എൻഎസ്എസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2015ൽ സമർപ്പിച്ച ഹർജിയിൽ ഇനി കോടതിയുടെ ഇടപെടലിന്‍റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ വൊക്കേഷണൽ അധ്യാപകരുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സംസ്ഥാന സർക്കാർ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയത്. യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമേ അധ്യാപകരായി നിയമിക്കൂ. യോഗ്യതാ പരീക്ഷ പാസാകണമെങ്കിൽ ജനറൽ വിഭാഗത്തിൽ പ്പെട്ടവർ ഓരോ പേപ്പറിനും കുറഞ്ഞത് 40% മാർക്കും രണ്ട് പേപ്പറിനും ചേർത്ത് മൊത്തം 50% മാർക്കും നേടണം.

എന്നാൽ, ഓരോ പേപ്പറിനും 35% മാർക്കും രണ്ട് പേപ്പറിനും കൂടി മൊത്തം 45% മാർക്കും ലഭിച്ചാൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ വിജയിക്കാം. ഓരോ പേപ്പറിനും 35% മാർക്കും രണ്ട് പേപ്പറിനും കൂടി മൊത്തം 40% മാർക്കും നേടി പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരീക്ഷയിൽ വിജയിക്കാം. പൊതുവിഭാഗക്കാർക്കും, സംവരണ വിഭാഗക്കാർക്കും പരീക്ഷ പാസാകാൻ വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് എൻഎസ്എസ് ഹർജി നൽകിയിരുന്നത്.