സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി കേരളം
ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
അനുമാനങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇ.ഡി എന്നും, കേസിൽ കക്ഷി ആകാതെയാണ് ഉന്നത രാഷ്ട്രീയ പദവികൾ വഹിക്കുന്നവർക്കെതിരെ ഇ.ഡി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു.
കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ജയിൽ ഉദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ ആരോപിച്ചിരുന്നു. ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വിചാരണ നടപടികൾ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. ട്രയൽ മാറ്റുന്നതിന് സാധുവായ കാരണങ്ങൾ നൽകാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന പൊലീസിനെതിരെ ഇ.ഡി ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ചാല്‍ പോലും വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റുന്നതിനുള്ള തക്കതായ കാരണമല്ലെന്ന് സംസ്ഥാന സർക്കാർ അപേക്ഷയിൽ പറയുന്നു.