കേരള സർക്കാരിന്റ ഓൺലൈൻ ടാക്സി സർവീസ് 17 മുതൽ ആരംഭിക്കും
തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ–ടാക്സി സർവീസായ ‘കേരള സവാരി’ ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്.
സംസ്ഥാനത്തെ ഓട്ടോ-ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് സർക്കാർ നടപ്പാക്കുന്ന കേരള സവാരി അംഗീകൃത നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര പൊതുജനങ്ങൾക്ക് ഉറപ്പാക്കും. ഇതിനുപുറമെ, മോട്ടോർ തൊഴിലാളികൾക്കും ഇതേ നിരക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ച ഓട്ടോ-ടാക്സി നിരക്കിനൊപ്പം 8 ശതമാനം സർവീസ് ചാർജ് മാത്രമേ ഈടാക്കൂ. മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ ഇത് 25 ശതമാനത്തിന് മുകളിലാണ്. പദ്ധതി നടപ്പാക്കുന്നതിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്‍റീവുകൾ നൽകുന്നതിനും സർവീസ് ചാർജായി ഈടാക്കുന്ന 8 ശതമാനം ഉപയോഗിക്കാനാണ് തീരുമാനം.