ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേരളത്തിലെ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ഭരണഘടന പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലുള്ള ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ഭരണഘടന പ്രകാരം കേരള ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.