കേരളത്തിന് വേണ്ടത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി

കൊച്ചി: ബിജെപി സർക്കാർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ദ്രുതഗതിയിലുള്ള വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണം അവിടെയെല്ലാംഒരു ഇരട്ട എഞ്ചിൻ സർക്കാർ ഉണ്ടെന്നും, അത്തരമൊരു ഇരട്ട എഞ്ചിൻ സര്‍ക്കാര്‍ കേരളത്തിൽ അധികാരത്തിൽ വന്നാൽ വികസനം വേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്‍റെ ആവശ്യങ്ങൾ പരിഗണനയിലാണെന്ന് പറഞ്ഞ മോദി തന്‍റെ പ്രസംഗത്തിലുടനീളം വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി. പാവപ്പെട്ടവർക്കും ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആദിവാസികൾക്കും സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇത് കേരളത്തിലെ യുവാക്കൾക്ക്, പ്രത്യേകിച്ച് നഴ്സിംഗ് പഠിക്കുന്ന പെൺകുട്ടികൾക്ക് ഗുണം ചെയ്യും. കേരളത്തിന് വേണ്ടി ബിജെപി സർക്കാർ വിവിധ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.