ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാമെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 29,369 റോഡപകടങ്ങൾ ഉണ്ടായതായും 2,895 പേർ ഇത്തരം റോഡപകടങ്ങളിൽ മരിച്ചതായും കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഗതാഗത നിയമ ലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാമെന്നും അതുവഴി വിലയേറിയ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ അഞ്ചിലൊന്ന് ഇതിനകം നിയമലംഘനങ്ങൾക്ക് പിടികൂടിയിട്ടുണ്ടെന്നും പിടികൂടിയതിനേക്കാള്‍ എത്രയോ മടങ്ങ് നിയമലംഘനങ്ങളാണ് റോഡുകളിൽ നടക്കുന്നതെന്നും കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് പറയുന്നു. ഇത്തരം നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. 

റോഡിൽ ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വീഡിയോയും സഹിതം കേരള പൊലീസിന്‍റെ ‘ശുഭയാത്ര’ വാട്സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്ക് സന്ദേശം അയയ്ക്കാമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ സന്ദേശങ്ങൾ സഹായിക്കുമെന്നും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനുള്ളിൽ നിങ്ങളെ അറിയിക്കുമെന്നും പൊലീസ് പറയുന്നു.