നടപടികളോട് പ്രതികരിക്കാതെ കേരളം; കരിപ്പൂർ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതിരിക്കാൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ രൂപീകരിച്ച സമിതി റൺവേയുടെ ഇരുവശങ്ങളിലും സേഫ് സോൺ(റിസ) നിർമ്മിക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ചെലവ് വഹിക്കുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇതുവരെ സമയോചിതമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ കേരളം വിശദമായ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നിലവിലെ റൺവേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.