ഓക്സ്ഫഡ് അടക്കം സുപ്രധാന സര്‍വ്വകശാലകളുമായി കേരളം ധാരണപത്രം ഒപ്പിട്ടു

ലണ്ടന്‍: മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി പി രാജീവിന്‍റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഗ്രഫീൻ അടിസ്ഥാനമാക്കി വ്യാവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത്. പുതുതലമുറ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നൂതന വ്യവസായങ്ങൾ ആരംഭിക്കാനാണ് സർക്കാറിന്റെ ശ്രമം. കേരളത്തിൽ സംരംഭകരുടെയും ഗവേഷകരുടെയും ഒരു സംഗമം സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുകയും വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോകോത്തര നിലവാരമുള്ള ആവാസവ്യവസ്ഥ ഗ്രഫീനിനായി കെട്ടിപ്പടുക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. നാനോ ടെക്നോളജിയുടെ വികസനത്തിലും ഗ്രഫീൻ പോലുള്ള ഭാവി വസ്തുക്കളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.