മറ്റാവശ്യങ്ങള്‍ക്ക് പട്ടയ ഭൂമി ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാൻ കേരളം

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നൽകിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്.

എന്നാൽ സത്യവാങ്മൂലമായി നിലപാട് അറിയിക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദേശം നൽകി. കാർഷിക ആവശ്യങ്ങൾക്കും വീട് നിർമ്മാണത്തിനും നൽകുന്ന പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി എങ്ങനെ കൈമാറുമെന്ന് സുപ്രീം കോടതി വാക്കാൽ ആരാഞ്ഞു.

ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. കൃഷിഭൂമി ഒഴികെയുള്ള പട്ടയഭൂമികൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ സി.കെ.ശശി സുപ്രീം കോടതിയിൽ അറിയിച്ചു.