വിവിധ മേഖലകളില്‍ ഫിൻലൻഡുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഫിൻലാൻഡിൽ ഏകദേശം 60,000 ഇന്ത്യക്കാരുണ്ട്. അവരിൽ നല്ലൊരു പങ്കും മലയാളികളാണ്. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്‍റെ ഭാഗമായി ഫിൻലൻഡിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അംബാസഡർ താൽപര്യപ്പെട്ടു.

ഫിൻലൻഡിൽ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫിൻലൻഡിലെ പ്രമുഖ ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കണം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.