കേരള സർവകലാശാല സെനറ്റ് യോഗം ഒക്ടോബര്‍ പതിനൊന്നിന്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം 11ന് ചേരും. വി.സി സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ വി.സിക്കെതിരെ നടപടിയെടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ ഭീഷണി മുഴക്കിയിരുന്നു. യോഗത്തിന് തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ സർവകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെനറ്റ് തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് രാജ്ഭവന്‍റെ നീക്കം.

വി.സിക്കെതിരെ ചാൻസലർ ഗുരുതരമായ ഭീഷണി മുഴക്കുന്നത് അസാധാരണമായ നീക്കമാണ്. സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ മൂന്ന് തവണ അഭ്യർത്ഥിച്ചിട്ടും വി.സി വഴങ്ങിയില്ല. രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നും അതിന് മറുപടി വേണമെന്നും വി.സി രണ്ട് തവണ കത്തിലൂടെ ഉന്നയിച്ചതോടെയാണ് ഗവർണ്ണർ കുപിതനായത്. കഴിഞ്ഞ ദിവസം രാജ്ഭവൻ വി.സിക്ക് നൽകിയ കത്ത് അസാധാരണ സ്വഭാവത്തിലുള്ളതായിരുന്നു.

ഒക്ടോബർ 11നകം പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഗവർണർ വി.സിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. ചാൻസലറുടെ അധികാരം ഉപയോഗിച്ച് സെനറ്റ് തന്നെ പിരിച്ചുവിടേണ്ടിവരുമെന്നും ഭീഷണി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സെനറ്റ് യോഗം ചേരുമെന്ന് രാജ്ഭവന് കേരള സർവകലാശാല മറുപടി നൽകിയത്. യോഗം വിളിക്കുന്നതിനപ്പുറത്തേക്ക് എന്ത് തുടർനടപടിയാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് സർവകലാശാല.