കേരളത്തിലെ ഏറ്റവും വലിയ ആകാശപാത കഴക്കൂട്ടത്ത് ഗതാഗത സജ്ജം

തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒടുവിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു. മേൽപ്പാലം നവംബർ 15ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

2.72 കിലോമീറ്റർ നീളമുള്ള മേൽപ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച മേൽപ്പാലത്തിന്‍റെ നിർമാണം കൊവിഡ് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധിയെ തുടർന്ന് മുടങ്ങി. കഴിഞ്ഞ തവണ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ കേരളപ്പിറവി ദിനത്തിൽ എലിവേറ്റഡ് ഹൈവേ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

മേൽപ്പാലത്തിന്‍റെ ടാറിംഗ് പൂർത്തിയായി. അപ്രോച്ച് റോഡിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാലത്തിലും സർവീസ് റോഡിലും തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. സർവീസ് റോഡിന്‍റെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയായാൽ 61 തൂണുകളിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയിലൂടെ വാഹനങ്ങൾ ഓടും. 200 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.