5 വർഷം കൊണ്ട് കേരളത്തിന്റെ മദ്യവരുമാനം 54,673 കോടി രൂപ
തിരുവനന്തപുരം: മദ്യത്തിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർദ്ധനവ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2307 കോടി രൂപയുടെ വർദ്ധനവുണ്ടായി.
2020-21 സാമ്പത്തിക വർഷത്തിൽ 10,392 കോടി രൂപയാണ് മദ്യനികുതിയായി പിരിച്ചെടുത്തത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 54,673 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയും മദ്യ വിൽപ്പനയ്ക്ക് ബാധകമാണ്.
വിദേശമദ്യത്തിന്‍റെ വിൽപ്പന നികുതി അടുത്തിടെ 4% വർദ്ധിപ്പിച്ചിരുന്നു. 247 ശതമാനം നികുതി 251 ശതമാനമായി ഉയർന്നു. ഇതോടെ വിൽപ്പന വിലയിൽ 2% വർദ്ധനവുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പി ഒന്നിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.