കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കേരളത്തിന്റെ ലോട്ടറി നിയമഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചു. ലോട്ടറി നിയമങ്ങൾ രൂപീകരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു.

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പന നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേദഗതി നിയമത്തിനെതിരെ നാഗാലാൻഡ് നൽകിയ ഹർജിയ ഹൈക്കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ നിയമനിർമ്മാണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നാണ് ഹർജിയിൽ നാഗാലാൻഡിന്‍റെ വാദം. ലോട്ടറി നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് നാഗാലാൻഡ് പറയുന്നത്. ലോട്ടറി നിയമനിർമ്മാണം കേന്ദ്ര സർക്കാരാണ് നടത്തേണ്ടതെന്നാണ് നാഗാലാൻഡിന്‍റെ നിലപാട്. സെക്ഷൻ 12 പ്രകാരം ലോട്ടറി വിഷയത്തിൽ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താൻ കഴിയുമെന്ന ഹൈക്കോടതി തീരുമാനം നിയമവിരുദ്ധമാണെന്നും നാഗാലാൻഡിന്‍റെ ഹർജിയിൽ പറയുന്നു.

പേപ്പർ ലോട്ടറി നിയമപ്രകാരം സിക്കിം ലോട്ടറിക്ക് നികുതി ചുമത്താനുള്ള കേരളത്തിന്‍റെ നീക്കം സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ലോട്ടറി ചൂതാട്ടത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിച്ചെടുക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. 2005ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചെടുത്ത നികുതി സിക്കിമിന് കൈമാറണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മൂല്യവർധിത നികുതി പ്രാബല്യത്തിൽ വരികയും ലോട്ടറി നറുക്കെടുപ്പിനുള്ള ലൈസൻസ് ഫീസ് പൊതുനിയമപ്രകാരം നിർത്തലാക്കുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്.